കോഴിപ്പോര് സംഘത്തെ ഓടിച്ചിട്ടു പിടിച്ച് പൊലീസ് ; എട്ട് പോരുകോഴികള്‍ വലയില്‍, സ്‌റ്റേഷനില്‍ ലേലം ; ലഭിച്ചത് 16,600 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 02:06 PM  |  

Last Updated: 19th January 2020 02:06 PM  |   A+A-   |  

 

പാലക്കാട് : കോഴിപ്പോര് നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്ക് സമീപം വടകരപ്പതി അനുപ്പൂരിനു സമീപത്തുള്ള തോപ്പില്‍ നിന്നാണി കോഴിപ്പോര് പിടികൂടിയത്. ഒഴലപ്പതി അനുപ്പൂര്‍ സ്വദേശികളായ ഷാന്‍ ബാഷ (24), നവീന്‍ പ്രസാദ് (23), പൊള്ളാച്ചി എല്ലപ്പെട്ടാന്‍കോവില്‍ സ്വദേശി രമേഷ് (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 8 പോരു കോഴികളെയും 200 രൂപയും കണ്ടെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു കോഴിപ്പോര് സംഘത്തെ പിടികൂടിയതെന്ന് എസ്‌ഐ മഹേഷ്‌കുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ളവര്‍ രഹസ്യ സ്ഥലങ്ങളില്‍ കോഴിപ്പോരിന് എത്താറുണ്ട്. പോരിനിറങ്ങുന്നതിനു മുന്‍പു പന്തയവും വയ്ക്കും. പിടികൂടിയ കോഴികളെ പരസ്യമായി പൊലീസ് ലേലം ചെയ്തു. ലേലത്തില്‍ 1200 രൂപ മുതല്‍ 4000 രൂപ വരെ തുകയ്ക്കാണു കോഴികള്‍ വിറ്റുപോയത്. 8 കോഴികള്‍ക്കുമായി 16600 രൂപയാണ് ഇന്നലെ ലേലത്തില്‍ ലഭിച്ചത്.

കോഴികളെ ലേലം ചെയ്ത വകയില്‍ ലഭിച്ച 16,600 രൂപ കോടതിയിലേക്ക് കൈമാറുമെന്ന് എസ്‌ഐ അറിയിച്ചു. പൊലീസ് പിടിക്കുന്നതില്‍ സ്ഥിരമായി പോരില്‍ ജയിക്കുന്ന കോഴികള്‍ ഉണ്ടെങ്കില്‍ വലിയ വിലകൊടുത്ത് ആ കോഴികളെ ലേലത്തില്‍ തിരിച്ചു പിടിക്കാനും പ്രത്യേക സംഘമുള്ളതായി റിപ്പോര്‍ട്ടുണ്ട്.