ഗവര്‍ണര്‍ പദവി വേണ്ടെന്ന് സിപിഎം; അഭിപ്രായം പറയുന്നതിന് മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന വായിക്കണം, ജനങ്ങള്‍ എന്‍പിആറുമായി സഹകരിക്കരുതെന്ന് ആഹ്വാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 05:00 PM  |  

Last Updated: 19th January 2020 05:00 PM  |   A+A-   |  

yechuri

yechuri

 

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണറുടെ സ്ഥാനത്തിന് പ്രസക്തിയില്ലെന്നും ബ്രിട്ടീഷ് കാലത്തുള്ള പദവി എടുത്തുകളയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വത്യാസത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഗവര്‍ണര്‍ അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് ഭരണഘടന എന്താണെന്ന് വായിച്ച് മനസ്സിലാക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കുള്ള അവകാശങ്ങള്‍ എന്താണെന്ന് പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൗരത്വ വിഷയത്തില്‍ വീടുകള്‍ കയറി പ്രചരാണം നടത്താന്‍ സിപിഎം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. പൗരത്വ രജിസ്റ്ററിലെയും ജനസംഖ്യാ രജിസ്റ്ററിലെയും പ്രശ്‌നങ്ങള്‍ വീടുകള്‍ കയറി വിശദീകരിക്കും.എന്‍പിആറുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് പാര്‍ട്ടി ആഹ്വാനം ചെയ്തു. 

എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് മറപടി നല്‍കരുത് എന്ന് ജനങ്ങളോട് വിശദീകരിക്കും.പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന യോജിച്ച സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. പൗരത്വ നിയമത്തിന് എതിരായ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നു. കേരളത്തെ പിന്തുടര്‍ന്ന് പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസാക്കി. മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. 

രാജ്യത്തുള്ള എല്ലാ തടങ്കല്‍ പാളയങ്ങളും അടച്ചുപൂട്ടണം. സമരങ്ങള്‍ക്ക് എതിരെ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുപിയില്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊലീസാണ്. ഭീമമായ നഷ്ടപരിഹാരം ചുമത്തി പൊതുജനങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. കേന്ദ്രത്തിന് എതിരെ നില്‍ക്കുന്നതുകൊണ്ടാണ് ഈ വിവേചനം. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം. ജമ്മു കശ്മീര്‍ പൂര്‍ണമായും പൊലീസ് സ്റ്റേറ്റായി മാറി. ജനങ്ങള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.