ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു ; ഭര്‍ത്താവും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 01:49 PM  |  

Last Updated: 19th January 2020 01:49 PM  |   A+A-   |  

elephantgnmghj

പ്രതീകാത്മക ചിത്രം


 

കോയമ്പത്തൂര്‍ : വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിന് സമീപം പെരിയ നായ്ക്കന്‍പാളയത്താണ് സംഭവം.  കോയമ്പത്തൂരിലെ ഒരു കണ്ണാശുപത്രി മാനേജരായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ഭുവനേശ്വരിയും ഭര്‍ത്താവ് പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ ഒമ്പതുപേരാണ് പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍നിന്ന് വനത്തിലേക്ക് ട്രക്കിങ്ങിന് പോയത്. ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ് പാലമലയില്‍ എത്തിയത്. തുടര്‍ന്ന് വനത്തിനുള്ളിലേക്ക് ട്രക്കിങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.

ആനയെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ച വിവരം ഭര്‍ത്താവും സുഹൃത്തുക്കളുമാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഒമ്പതംഗസംഘം വനത്തിലേക്ക് ട്രെക്കിങ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.