തലമുടി മുറിച്ചുനീക്കി; അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് അഴുകിയ നിലയില്‍;  ഒരാള്‍ നിരന്തരം ശല്യപ്പെടുത്തിയതായി ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 07:47 AM  |  

Last Updated: 19th January 2020 10:19 AM  |   A+A-   |  

 

കാസര്‍കോട്: മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപിക ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍. മിയാപദവ് ചിഗിര്‍പദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബികെ രൂപശ്രീയുടെ മൃതദേഹമാണ് അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. 

രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു  ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.