പ്രാരാബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെ ഭാഗ്യദേവതയുടെ കടാക്ഷം; കോടീശ്വരനായി; അഭയം തേടി പൊലീസ് സ്റ്റേഷനില്‍

സ്റ്റേഷനിലെത്തിയത് ഒരു കോടി രൂപ ലോട്ടറിയടിച്ച ബംഗാള്‍ സ്വദേശിയായ യുവാവ്‌
പ്രാരാബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെ ഭാഗ്യദേവതയുടെ കടാക്ഷം; കോടീശ്വരനായി; അഭയം തേടി പൊലീസ് സ്റ്റേഷനില്‍

കോഴിക്കോട്:  കേരള ഭാഗ്യക്കുറിയുടെ കാരുണ്യത്തില്‍ 'കോടീശ്വരനായ' ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖ് ആണ് ടിക്കറ്റുമായി നല്ലളം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

കഴിഞ്ഞ ദിവസം വട്ടക്കിണറില്‍ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടന്‍ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ കെ രഘുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്‌ഐ യു സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുല്‍ ഹഖ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.

ഏറെക്കാലമായി ലോട്ടറി വാങ്ങല്‍ പതിവാക്കിയ ഇദ്ദേഹം, ചില ദിവസങ്ങളില്‍ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചെലവാക്കുമെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇതാദ്യം. ഭാര്യയും 3 മക്കളുമുണ്ട്. പ്രാരാബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെയാണു ഭാഗ്യദേവതയുടെ കടാക്ഷം. സമ്മാനാര്‍ഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച പൊലീസിനു നന്ദി പറഞ്ഞ ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചു സന്തോഷം പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com