ഹെല്‍മെറ്റ് കൈയില്‍ തൂക്കിയിട്ടു; പിഴയടച്ചു; തലയില്‍ വെച്ചല്ലാതെ വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 08:13 AM  |  

Last Updated: 19th January 2020 08:13 AM  |   A+A-   |  

പ്രതീകാത്മകചിത്രം

 

കൊച്ചി: കൈയില്‍ തൂക്കിയിട്ട് ഷോ കാണിക്കാനുള്ളതല്ല ഹെല്‍മെറ്റ്. ജീവന്റെ സുരക്ഷയ്ക്ക് വേണ്ടി തലയില്‍ വെക്കാനുള്ളതാണ്. പറയുന്നത് എറണാകുളം ജോയിന്റ് ആര്‍ടിഒ കെ മനോജ്. കേള്‍ക്കുന്നതോ ബംഗളൂരുവില്‍ സൗണ്ട് എന്‍ജിനിയറിങ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാക്കനാട് സ്വദേശിയും. ഹെല്‍മെറ്റ് ഉണ്ടായിട്ടും തലയില്‍വക്കാതെ കൈയില്‍ തൂക്കിയിട്ടതിനാണ് യുവാവിനെ ആര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി ഉപദേശിച്ചത്. ഒപ്പം 500 രൂപ പിഴയും ഈടാക്കി. 

ഓഫീസിലെത്തുംവരെ എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന് യുവാവിന് അറിയില്ലായിരുന്നു. ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ വിളിച്ചുവരുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാക്കനാട്ട്  എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമായിരുന്നു സംഭവം.

ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ഇയാളുടെ ചിത്രം പുറകിലെ വാഹനത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍മാരാണ് മൊബൈലില്‍ പകര്‍ത്തി ജോയിന്റ് ആര്‍ടിഒയ്ക്ക് കൈമാറുകയായിരുന്നു. വാഹന നമ്പറില്‍ നിന്ന് ബൈക്കുടമസ്ഥനെ തിരിച്ചറിഞ്ഞ് വിവരമറിയിച്ചു. വൈകീട്ടോടെ ആര്‍ടി ഓഫീസിലെത്തിയ ഇയാളോട് ജോയിന്റ് ആര്‍ടിഒ ബോധവത്കരണം നടത്തി. ഒടുവില്‍ പിഴയടച്ച് ഇനി ഹെല്‍മെറ്റ് തലയില്‍ വെച്ചല്ലാതെ വാഹനമോടിക്കില്ലെന്ന് എന്ന് പ്രതിജ്ഞ എടുത്തായിരുന്നു ഇയാള്‍ മടങ്ങിയത്.