പന്തീരാങ്കാവ് യുഎപിഎ കേസ് യുഡിഎഫ് ഏറ്റെടുക്കുന്നു; പ്രതിപക്ഷ നേതാവ് അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 09:41 PM |
Last Updated: 20th January 2020 09:41 PM | A+A A- |

കോഴിക്കോട്: പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുഎപിഎ ചുമത്തിയ കേസില്‍ യുഡിഎഫ് ഇടപെടുന്നു. വിഷയത്തില്‍ ഇടപെടാന്‍ മുന്നണിതലത്തില്‍ കൂടിയാലോചന നടത്തുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ വ്യക്തമാക്കി. അറസ്റ്റിലായ താഹയുടെയും അലന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്തിമതീരുമാനം ഘടക കക്ഷികളുമായി ആലോചിച്ച ശേഷം തീരുമാനിക്കും. യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു.
'നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കും. പ്രമേയങ്ങള്‍ കൊണ്ടുവരും. യുഎപിഎയ്ക്ക് ഏറ്റവും കൂടുതല്‍ എതിരുനിന്നിട്ടുള്ള ആളാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇപ്പോള്‍ രണ്ടുപേര്‍ക്ക് എതിരെ യുഎപിഎ ചാര്‍ത്തിയിട്ട് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം'.- അദ്ദേഹം പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന നിലപാടില്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ യുഡിഎഫ് രംഗത്തെത്തുന്നത്.