മലയാളം പരീക്ഷ എഴുതി 105 ബംഗാളി തൊഴിലാളികള്‍; അടുത്ത ലക്ഷ്യം നാലാം ക്ലാസ് തുല്യതാ പരീക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 07:44 AM |
Last Updated: 20th January 2020 07:44 AM | A+A A- |
നെടുമ്പാശേരി: ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയവര്‍ക്കായി മലയാളം പരീക്ഷ നടത്തി സാക്ഷരതാ മിഷന്‍. വര്‍ഷങ്ങളായി കേരളത്തില്‍ തങ്ങി സ്ഥിരമായി ഇവിടെ ജോലി ചെയ്യുന്നവര്‍ക്കാണ് നെടുമ്പാശേരിയില്‍ മലയാളം പരീക്ഷ നടത്തിയത്.
105 പേരാണ് പരീക്ഷ എഴുതിയത്. ചങ്ങാതി എന്ന പദ്ധതിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി ഇവര്‍ 90 മണിക്കൂര്‍ അധ്യായനം പൂര്‍ത്തിയാക്കിയിരുന്നു. നെടുമ്പാശേരിയില്‍ ഇവര്‍ക്കായി ആറോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയത്.
നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വാക്കുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷ. നാല് അധ്യാപകര്‍ക്കായിരുന്നു ചുമതല. സാക്ഷരതാ മിഷന്‍ ഇവര്‍ക്ക് വേതനവും നല്‍കിയിരുന്നു. ഈ പരീക്ഷയില്‍ മികവ് പുലര്‍ത്തിയവരെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇരുത്തുമെന്ന് പദ്ധതിയുടെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ സുബൈദ പറഞ്ഞു.