റോഡരികിലെ ബാഗില്‍ ഒന്നരലക്ഷം രൂപ ; ഓട്ടോ ഡ്രൈവറുടെ സത്യസന്ധത ; ഓര്‍മ്മക്കുറവുള്ള വൃദ്ധന് തിരികെ കിട്ടിയത് പണവും രേഖകളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 10:00 AM  |  

Last Updated: 20th January 2020 10:00 AM  |   A+A-   |  

 

കോട്ടയം : ഓട്ടോറിക്ഷ തൊഴിലാളിയുടെ സത്യസന്ധതയില്‍ ഓര്‍മ്മക്കുറവുള്ള വൃദ്ധന് തിരിച്ചുകിട്ടിയത് കളഞ്ഞുപോയ ഒന്നരലക്ഷം രൂപയും രേഖകളും. മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ചന്ദ്രശേഖരപ്പണിക്കര്‍ക്കാണ് 1.46 ലക്ഷം രൂപ അടങ്ങിയ സഞ്ചി റോഡരികില്‍ നിന്നും കിട്ടിയത്. ഇന്നലെ വൈകിട്ട് കീഴ്‌വായ്പൂര്‍ കവലയിലായിരുന്നു സംഭവം. ബാഗ് കിട്ടിയ ചന്ദ്രശേഖരപ്പണിക്കര്‍ ഉടന്‍ തന്നെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കുഴിത്തൊളു സ്വദേശി ജനാര്‍ദനന്‍ പിള്ള (84)യുടെ പണമാണ് നഷ്ടപ്പെട്ടത്. ഓര്‍മക്കുറവുള്ള ജനാര്‍ദനന്‍ പിള്ള ഓച്ചിറയില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു. വഴി തെറ്റി ഇദ്ദേഹം കീഴ്‌വായ്പൂരിലെത്തി. തുടര്‍ന്ന് റോഡരികിലെ കടത്തിണ്ണയില്‍ വിശ്രമിച്ചു. കൂട്ടാറിലേക്ക് പോകാനായി ചന്ദ്രശേര പണിക്കരോട് വഴി ചോദിച്ചു.

കറുകച്ചാലില്‍ എത്തിയാല്‍ ബസ് കിട്ടുമെന്ന് പറഞ്ഞ് ജനാര്‍ദനന്‍ പിള്ളയെ സ്വകാര്യ ബസില്‍ കയറ്റി വിട്ടു. തുടര്‍ന്നാണ് കടത്തിണ്ണയിലെ സഞ്ചി ചന്ദ്രശേഖര പണിക്കരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സഞ്ചി പരിശോധിച്ചപ്പോള്‍ പണവും രേഖകളും കണ്ടെത്തി. ഉടന്‍ തന്നെ സഞ്ചി കീഴ്‌വായ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ജനാര്‍ദനന്‍ പിള്ളയുടെ അടയാളവും നല്‍കി.

ഉടന്‍ തന്നെ വിവരം കറുകച്ചാല്‍ പൊലീസിന് കൈമാറി. മല്ലപ്പള്ളിയില്‍ നിന്നും കറുകച്ചാലിലേക്ക് വന്ന ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ പൊലീസ് പരിശോധിച്ചു. തുടര്‍ന്ന് ജനാര്‍ദനന്‍ പിള്ളയെ കണ്ടെത്തുകയായിരുന്നു. പണവുമായി നേരിട്ടെത്തിയ ചന്ദ്രശേഖര പണിക്കര്‍ ജനാര്‍ദനന്‍ പിള്ളയ്ക്ക് കൈമാറി. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി ജനാര്‍ദനന്‍ പിള്ളയെ കൂട്ടിക്കൊണ്ടുപോയി.