'സംഘപരിവാറുമായി ബന്ധിപ്പിക്കരുത്'; 'മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്'; നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 07:45 PM |
Last Updated: 20th January 2020 07:49 PM | A+A A- |

കൊച്ചി: പൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി
സഭ സ്വീകരിക്കുന്ന നിലപാടുകളെ സംഘപരിവാറിന് അനുകൂലമായി വളച്ചൊടിച്ച് ചിത്രീകരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഘപരിവാറിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകളെ കുറിച്ച ധാരണയുണ്ടെന്നും സഭ വ്യക്തമാക്കി.
ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ല. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാനപ്രശ്‌നമാണിത്. ഇതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണന്നും സഭ ആവശ്യപ്പെട്ടു.
ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സഭ സ്വീകരിച്ച സമീപനത്തില്‍ ഒരു വിഭാഗം വൈദികര്‍ക്ക് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് സിനഡ് എടുത്ത തീരുമാനങ്ങള്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നാണ് വൈദികരുടെ ആരോപണം. ലൗ ജിഹാദ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ പറയേണ്ടകാര്യമായിരുന്നില്ല എന്നും വൈദികര്‍ പറയുന്നു. ഒപ്പം പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു.