'സ്‌കൂളില്‍ പച്ച ബോര്‍ഡ് കണ്ടപ്പോള്‍ ലീഗിന്റെ പച്ചയാണെന്ന് പറഞ്ഞ് നടന്നത് പോലെ പറഞ്ഞ് നടക്കാന്‍ ഞങ്ങളില്ലേ!'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 07:50 PM  |  

Last Updated: 20th January 2020 07:50 PM  |   A+A-   |  

Untitled-1_copy

 


കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് പദ്ധതിയുടെ ലോഗോയെ ചൊല്ലി വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ്. ലോഗോയുടെ നിറം 'കാവി' ആയതിന് എതിരെയും കേരളത്തിന്റെ ഒന്നാംസ്ഥാനം ഇല്ലാതാകുന്നതുപോലെയാണ് ലോഗോ ഡിസൈനെന്നും പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖും വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. 

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളുകളിലെ ബോര്‍ഡുകളില്‍ പച്ച നിറം അടിച്ചപ്പോള്‍ സിപിഎം വിമര്‍ശനമുന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന്റെ പരിഹാസം. 'കേരള ബാങ്ക് ലോഗോയുടെ നിറം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍. ഗുജറാത്തല്ല കേരളം എന്ന് തെളിയിക്കാന്‍ ലോഗോയ്ക്ക് കഴിയുന്നുണ്ട്. ദേശീയ പതാകയില്‍ നിന്നും കോണ്‍ഗ്രസ് കൊടിയില്‍ നിന്നും ആവേശം കൊണ്ടാണു ഈ നിറത്തില്‍ എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം... തലയുയര്‍ത്തി നില്‍ക്കട്ടെ കാവി... സ്‌കൂളില്‍ പച്ച ബോര്‍ഡ് കണ്ടപ്പോള്‍ ലീഗിന്റെ പച്ചയാണെന്ന് പറഞ്ഞ് നടന്നത് പോലെ പറഞ്ഞ് നടക്കാന്‍ ഞങ്ങളില്ലേ..!!' എന്നാണ് സിദ്ദിഖ് കുറിച്ചത്. 

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാട്ടി സിദ്ദിഖ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തി. 'പച്ച ബോര്‍ഡിന്റെ കാലത്തെ ശ്രീ പിണറായി വിജയന്റെ നിലപാട്, ഇപ്പോള്‍ സഖാക്കള്‍ ഷേക്‌സ്പിയര്‍ സ്റ്റയിലില്‍ പറയുന്നു, ഒരു നിറത്തിലെന്തിരിക്കുന്നു എന്ന്, ഇന്ന് സ്മാര്‍ട് ക്ലാസ് റൂം മുഴുവന്‍ പച്ച ബോര്‍ഡാണു... ഒരു നിറത്തില്‍ ചില കാലത്ത് ചില മാനങ്ങള്‍ ഉണ്ടാകും...' സിദ്ദിഖ് കുറിച്ചു. 


'കേരളത്തിന്റെ ഒന്നാം സ്ഥാനം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു എന്നാണോ ഉദ്ദേശിച്ചത്? ആവോ.. ആര്‍ക്കറിയാം' എന്നാണ് വി ടി ബല്‍റാം കുറിച്ചത്.  മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ലോഗോയ്ക്ക് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.