'അറിയിക്കാതിരുന്നത് മനപ്പൂര്‍വമല്ല'; വിശദീകരണവുമായി ചീഫ് സെക്രട്ടറി രാജ് ഭവനില്‍

മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി
രാജ്ഭവന്‍ ട്വീറ്റ് ചെയ്ത ചിത്രം
രാജ്ഭവന്‍ ട്വീറ്റ് ചെയ്ത ചിത്രം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണറെ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത് തന്നെ അറിയിക്കാതിരുന്നതിന് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നടപടി റൂള്‍സ് ഒഫ് ബിസിനസിന്റെ ലംഘനമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞത്. 

ഇന്നു രാവിലെ രാജ്ഭവനില്‍ എത്തിയ ചീഫ് സെക്രട്ടറി വാക്കാല്‍ വിശദീകരണം നല്‍കിയതായാണ് സൂചന. ഇക്കാര്യത്തില്‍ രാജ്ഭവന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഗവര്‍ണറെ അവഗണിച്ചു മുന്നോട്ടുപോവുകയല്ല സര്‍ക്കാര്‍ ചെയ്തതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതു പ്രതിഫലിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനും വ്യക്തതക്കുറവുണ്ട്. ഇതു നീക്കുന്നതിനായാണ് സുപ്രീം കോടതിയെ സമീപിച്ചത്- ചീഫ് സെക്രട്ടറി അറിയിച്ചു. 

മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്നു ചെയ്ത രീതി തുടരുകയാണ് ഇപ്പോള്‍ ചെയ്തത്. ഇക്കാര്യത്തില്‍ റൂള്‍സ് ഒഫ് ബിസിനസിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. രാജ്ഭവനുമായി ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടടറി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയുടെ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച് രാജ്ഭവന്‍ അറിയിപ്പു പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com