കണ്ണൂർ അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം; അട്ടപ്പാടിയിൽ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പോസ്റ്റർ

By സമകാലിക മലയാളം ഡെസ്‌  |   Published: 20th January 2020 08:30 AM  |  

Last Updated: 20th January 2020 08:40 AM  |   A+A-   |  

maoist_poster

 

കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീയുൾപ്പെടെ നാലാം​ഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണിൽ ലഘു ലേഖ വിതരണം ചെയ്ത സംഘം പോസ്റ്ററുകളും പതിപ്പിച്ചു. രാവിലെ ആറ് മണിയോടെ കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം ടൗണിലെത്തിയത്. സംഘത്തിലെ മൂന്ന് പേരുടെ കൈയിൽ തോക്കുകളുണ്ടായിരുന്നു. അര മണിക്കൂറോളം പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഘം വന്യജീവി സങ്കേതത്തിലൂടെ തന്നെ രക്ഷപ്പെട്ടു.

മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപം കൊണ്ട ഓപറേഷൻ സമാധാൻ എന്നത് അട്ടിമറിയാണെന്ന് പോസ്റ്ററുകളിലുണ്ട്. പശ്ചിമ ഘട്ടത്തിലുൾപ്പെടുന്ന കബനി, ഭവാനി ദളത്തിലെ ഏഴ് മാവോയിസ്റ്റുകളെ കൊന്നൊടുക്കി. മോദിയും പിണറായി വിജയനും ഒരുപോലെ മാവോയിസ്റ്റ് വേട്ടയ്ക്ക് കൂട്ടു നിൽക്കുന്നു. ഇത് അം​ഗീകരിക്കാനാകില്ല. സാമ്രാജ്യത്വ ദുഷ്പ്രഭുത്വമാണ് ഇതിൽ നിന്ന് കാണാനാകുന്നത്. അട്ടപ്പാടിയിൽ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നും ജനുവരി 31ന് മാവോയിസ്റ്റുകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും പോസ്റ്ററുകളിലുണ്ട്.

നാട്ടുകാരോട് ദൃശ്യങ്ങൾ പകർത്തരുതെന്ന് സംഘം ആവശ്യപ്പെട്ടു. സമാന രീതിയിൽ കഴിഞ്ഞ വർഷവും തോക്കുകളേന്തി അമ്പായത്തോട് ടൗണിൽ സംഘം പ്രകടനം നടത്തിയിരുന്നു. അന്ന് സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു.

ആറളം വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പ്രദേശമാണ് കൊട്ടിയൂർ മേഖലകൾ. വയനാടിന്റെ അതിർത്തി പങ്കിടുന്ന ഈ മേഖലകളിൽ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് തണ്ടർ ബോൾട്ടും പൊലീസും എത്തിയിട്ടുണ്ട്.