തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, അടുത്തമാസം 14 വരെ പേരുചേര്‍ക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 03:21 PM  |  

Last Updated: 20th January 2020 03:21 PM  |   A+A-   |  

 

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേക്കുളള തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.  അന്തിമ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.

2020 ജനുവരി ഒന്നിന് മുന്‍പ് 18 വയസ് തികഞ്ഞവര്‍ക്കു പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലെ ഉള്‍കുറിപ്പുകളില്‍ തിരുത്തലോ വാര്‍ഡ് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫോം നാല്) തിരുത്തുന്നതിനും (ഫോം ആറ്) പോളിങ് സ്‌റ്റേഷന്‍, വാര്‍ഡ് മാറ്റത്തിനും (ഫോം ഏഴ്) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പേര് ഒഴിവാക്കാന്‍ ഫോം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം.

തദ്ദേശ വാര്‍ഡ് വിഭജനം സംബന്ധിച്ചുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുന്നത്.വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭ്യമാണ്.

അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും കേരള സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യമായി ലഭിക്കും.മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും ചേരും.