വിദേശ കാണിക്കയില്‍ കൂടുതലും മലേഷ്യന്‍ റിങ്കിറ്റ്; കൊറിയയിലെ വോണും, പോളണ്ടിന്റെ സ്ലോട്ടിയും ഭണ്ഡാരത്തില്‍ വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 08:07 AM  |  

Last Updated: 20th January 2020 08:07 AM  |   A+A-   |  

sabarimala

 

ശബരിമല: വിദേശത്ത് നിന്നെത്തുന്ന ഭക്തര്‍ ശബരിമലയില്‍ സമര്‍പ്പിച്ച കാണിക്കയില്‍ മുന്‍പില്‍ മലേഷ്യന്‍ റിങ്കിറ്റ്. ഒന്നര കോടി രൂപയുടെ റിങ്കിറ്റാണ് മണ്ഡല-മകര വിളക്കു കാലത്ത് കാണിക്കയായി ശബരിമലയില്‍ ലഭിച്ചത്. 

റിങ്കിറ്റിന് പിന്നിലുള്ളത് സിങ്കപ്പൂര്‍, യുഎസ് ഡോളറുകളാണ്. 17.5 രൂപയാണ് ഒരു റിങ്കിറ്റിന്റെ മൂല്യം. തമിഴ്‌നാട്ടുകാരാണ് മലേഷ്യയില്‍ നിന്നെത്തുന്ന ഭക്തരില്‍ അധികവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും അധികം എത്തുന്നത് യുഎഇ ദിര്‍ഹമാണ്. 

പോളണ്ടിന്റെ സ്ലോട്ടി, മലാവിയുടെ ക്വാച്ച, ഘാനയുടെ സേഡി, ജോര്‍ജിയയുടെ ലാറി തുടങ്ങിയ കറന്‍സികളും ഇത്തവണ കാണിക്കയായി ലഭിച്ചു. ആഫ്രിക്കയിലെ റാന്‍ഡ്, ഈജിപ്റ്റിലെ പൗണ്ട്, മ്യാന്‍മറിലെ ക്യാറ്റ്, വിയറ്റ്‌നാമിലെ ഡോങ്, കൊറിയയിലെ വോണ്‍ എന്നിവയും ഈ സീസണില്‍ ലഭിച്ചിട്ടുണ്ട്. 

വിജിലന്‍സ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തതില്‍ ധനലക്ഷ്മി ബാങ്ക് മാനേജറാണ് ഭണ്ഡാരത്തില്‍ നിന്ന് ശേഖരിക്കുന്ന വിദേശ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റുവാങ്ങുന്നത്. എറണാകുളത്തെ നാല് എക്‌സ്‌ചേഞ്ച് ഹൗസുകളിലെ ഓപ്പണ്‍ ടെന്‍ഡര്‍ മുഖേന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഇവ കൈമാറും.