വ്യാജ വൈദ്യന്റെ കെണിയില്‍ വീണു; മരുന്ന് കഴിച്ച നൂറോളം പേര്‍ ചികിത്സയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 06:34 AM  |  

Last Updated: 20th January 2020 06:34 AM  |   A+A-   |  

vaidan

 

അഞ്ചല്‍: വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് നൂറോളം പേര്‍. അഞ്ചലിനടുത്ത് ഏരൂര്‍ പത്തടിയിലാണ് സംഭവം. നിരവധി പേര്‍ക്ക് മരുന്ന് കഴിച്ചതിന് പിന്നാലെ വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. 

പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകനായ നാല് വയസുകാരന്‍ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയിലാണ് ചികിത്സ തേടിയത്. മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞാണ് വ്യാജ വൈദ്യന്‍ മരുന്ന് നല്‍കിയത്. 

മരുന്ന് കഴിച്ച് പത്ത് ദിവസം പിന്നിട്ടതിന് പിന്നാലെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും അനുഭവപ്പെട്ടു. ശരീരമാസകലം തടിപ്പും കാണപ്പെട്ടു. അഞ്ചലിലെ സ്വകാര്യാശുപത്രിയിലാണ് മുഹമ്മദ് അലിയെ ആദ്യം പ്രവേശിപ്പിച്ചത്. ഈ സമയം കുട്ടി അബോധാവസ്ഥയിലായിരുന്നതിനാല്‍ പിന്നാലെ തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്ക് മാറ്റി. 

കുട്ടി കഴിച്ച മരുന്ന് ഡോക്ടര്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്നും അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയതായി കണ്ടെത്തി. തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്ന് നല്‍കിയത്. 

12 ലക്ഷത്തോളം രൂപയുടെ മരുന്ന് ഇയാള്‍ ഇവിടെ വിറ്റതായി നാട്ടുകാര്‍ പറയുന്നു. ആദ്യം പ്രദേശത്തെ ഏതാനും ആളുകള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി സ്വാധീനിച്ച് ജനങ്ങള്‍ക്കിടയില്‍ മരുന്നിന് പ്രചാരം നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ പൊലീസ് കേസെടുത്തു.