ശിലാഫലകത്തില്‍ തന്റെ പേര് വേണ്ടെന്ന് വിടി ബല്‍റാം; പകരം ഭരണഘടനയുടെ ആമുഖം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 20th January 2020 10:48 PM  |  

Last Updated: 20th January 2020 10:48 PM  |   A+A-   |  

 

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പലയിടത്തും വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധങ്ങള്‍. അതിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ മണ്ഡലത്തില്‍ നടന്ന ഒരു ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ശ്രദ്ധേയമായി. ബസ് ഷെല്‍ട്ടറിന്റെ ശിലാഫലകത്തില്‍ വ്യക്തികളുടെ പേരിന് പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തായിരുന്നു ഇവരുടെ പ്രതിഷേധം. 
 
കൂറ്റനാട് തൃത്താല റോഡില്‍ വിടി ബല്‍റാം എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. ബസ് സ്റ്റേപ്പില്‍ പതിക്കുന്ന ശിലാഫലകത്തില്‍ ഇത്തവണ ഉദ്ഘാടകരുടെയും പങ്കെടുത്തവരുടെയും പേരിന് എഴുതി ചേര്‍ക്കുന്നതിന് പകരം ഭരണഘടനയുടെ ആമുഖം മതിയെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വിടി ബല്‍റാം എംഎല്‍എ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി.