സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസില്‍ നിന്നു വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കും

മാതാപിതാക്കളുടെ ജനനതീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കുക
ഫയല്‍
ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. എന്‍പിആര്‍ ഇല്ലാതെ സെന്‍സസ് നടപടികളുമായി സഹകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ജനസംഖ്യാ കണക്കെടുപ്പും (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റരും ഒരുമിച്ചു നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് എന്‍പിആറില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് സെന്‍സസ് ഡയറക്ടറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 

സെന്‍സസ് ചോദ്യാവലിയില്‍നിന്ന് രണ്ടു ചോദ്യങ്ങള്‍ ഒഴിവാക്കിയാരിക്കും സംസ്ഥാനത്ത് വിവര ശേഖരണം നടത്തുക. മാതാപിതാക്കളുടെ ജനനതീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കുക. ഇവ അനാവശ്യമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. 

എന്‍പിആറിന്റെ പരീക്ഷണ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയത് മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും സംബന്ധിച്ച ചോദ്യങ്ങളാണ്. കഴിഞ്ഞ ദിവസം സെന്‍സസ് കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടിരുന്നു. ഈ ചോദ്യങ്ങള്‍ നിര്‍ബന്ധമുള്ളതല്ലെന്നും മറുപടി രേഖപ്പെടുത്താതെ വിടാവുന്നതാണെന്നും സെന്‍സസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com