സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; ഗവര്‍ണറുടെ വിമര്‍ശനം ശരിയല്ലെന്ന് കാന്തപുരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 07:22 PM  |  

Last Updated: 20th January 2020 07:22 PM  |   A+A-   |  

 

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബുബക്കര്‍ മുസല്യാര്‍. പൗരത്വ നിയമത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പൗരത്വ നിയമത്തിന് എതിരെ യോജിച്ച സമരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്നും മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണം. ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തളളി ഗവര്‍ണര്‍ രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനയ്ക്ക് തകര്‍ച്ച സംഭവിക്കുന്ന ഒന്നും തന്നെ അനുവദിക്കില്ല. അതിന് വേണ്ടി താന്‍ നിലക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവും ചട്ടവും അനുസരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ തന്നെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഇക്കാര്യം സര്‍ക്കാരിനും അറിയാം. എന്നിട്ടാണ് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ഒരു നിയമപ്രശ്‌നം വരുമ്പോള്‍, തന്നെ അറിയിക്കണമെന്ന് നിയമത്തില്‍ കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം എന്ന് സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ പദവി വേണ്ടതില്ല എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.