ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു വീണു; വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 07:04 AM  |  

Last Updated: 21st January 2020 07:04 AM  |   A+A-   |  

house_wife

 

കൊല്ലം: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി. തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിൽ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയാണ് (50) അപകടത്തിൽപെട്ടത്. കൊല്ലത്തേക്കു പോയ ബസിൽ കടവൂർ പള്ളിക്കു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ഫിലോമിന വീണത്. കഴിഞ്ഞ ചൊവ്വഴ്ച പുലർച്ചെ കടവൂർ പള്ളിക്കു മുന്നിലായിരുന്നു അപകടം.

പിടിവിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു. വീഴ്ചയിൽ കാലിലൂടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം ഇടതു കാൽപാദത്തിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇന്നലെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു നീക്കി. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.