കഴിഞ്ഞ വര്‍ഷം 168.11 കോടി; ഇത്തവണ 263.46 കോടി; ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 09:08 PM |
Last Updated: 21st January 2020 09:08 PM | A+A A- |

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ ആകെ വരുമാനം 263.46 കോടി രൂപ. നാണയങ്ങള്‍ എണ്ണിക്കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 5ന് നാണയം എണ്ണുന്നതു പുനഃരാരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ 95.35 കോടി രൂപയുടെ വര്‍ധനവുണ്ട്. 2017 - 18 വര്‍ഷത്തെക്കാള്‍ 31 ലക്ഷത്തിന്റെ വ്യത്യാസമേ ഉള്ളൂ. നാണയങ്ങള്‍ എണ്ണി തീരുമ്പോള്‍ ഇത് മറികടക്കും എന്നാണു പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. 2017-18 വര്‍ഷത്തെ ആകെ വരുമാനം 263.77 കോടിയും.
ഇത്തവണ മണ്ഡലമകരവിളക്ക് കാലത്ത് ലഭിച്ച നാണയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ എണ്ണി തീര്‍ക്കാന്‍ കഴിഞ്ഞത്. ദേവസ്വം ഭണ്ഡാരത്തിന്റെ മൂന്നു ഭാഗത്തായി ഇത് കൂട്ടി ഇട്ടിരിക്കുകയാണ്, മകരവിളക്ക് കാലത്ത് പ്രതിദിനം 23 ലക്ഷം രൂപയുടെ നാണയം എണ്ണി ധനലക്ഷ്മി ബാങ്കിനു കൈമാറി. ബാക്കിയാണ് എണ്ണാതെ കിടക്കുന്നത്. കുറഞ്ഞത് 8 കോടി രൂപയുടെ എങ്കിലും നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
ഫെബ്രുവരിയിലെ കുംഭ മാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുന്‍പ് നാണയം എണ്ണി തീര്‍ക്കണമെന്നാണ് പ്രതീക്ഷ. കുറഞ്ഞത് 300 ജീവനക്കാരെ എങ്കിലും ഇതിനായി നിയോഗിക്കണം. മാസപൂജയ്ക്ക് മുന്‍പ് നാണയം എണ്ണാന്‍ തുടങ്ങണമെങ്കില്‍ പൊലീസ്, ആശുപത്രി, ദേവസ്വം, കെഎസ്ആര്‍ടിസി എന്നിവയുടെ സഹകരണം ഉണ്ടാകണം. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും വാസു പറഞ്ഞു.