തദ്ദേശ തെരഞ്ഞെടുപ്പ്; കരടു പട്ടികയിൽ 2.51 കോടി വോട്ടർമാർ
By സമകാലിക മലയാളം ഡെസ് | Published: 21st January 2020 07:36 AM |
Last Updated: 21st January 2020 07:36 AM | A+A A- |

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ കരടു വോട്ടർ പട്ടികയിൽ ആകെ 2.51 കോടി വോട്ടർമാർ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ പട്ടികയിൽ 1.20 കോടി പുരുഷൻമാർ, 1.30 കോടി സ്ത്രീകൾ, 115 ട്രാൻസ്ജെൻഡർമാരാണുള്ളത്.
941 പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോർപറേഷനുകളിലേക്കുമുള്ള വോട്ടർ പട്ടികയാണു പ്രസിദ്ധീകരിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പില്ലാത്തതിനാൽ മട്ടന്നൂർ നഗരസഭയിലെ പട്ടിക മാത്രം ഒഴിവാക്കി.
കഴിഞ്ഞ തദ്ദേശ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലേതിനെക്കാൾ 49,695 വോട്ടർമാരുടെ വർധന കരടു പട്ടികയിലുണ്ട്. ഒട്ടേറെ തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി പട്ടിക പുതുക്കിയതു കാരണമാണ് ഈ വർധന.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ പട്ടികയിലേതിനെക്കാൾ 9,93,304 വോട്ടർമാർ തദ്ദേശ കരടു പട്ടികയിൽ കുറഞ്ഞു. ഈ കുറവ് നികത്താൻ ഭഗീരഥ പ്രയത്നം തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ നടത്തേണ്ടി വരും.
പഞ്ചായത്ത്, ബ്ലോക്ക്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്മീഷന്റെ വെബ്സൈറ്റിലും (www.lsgelection.kerala.gov.in) കരടു പട്ടിക പരിശോധിക്കാം. ഈ മാസം ഒന്നിനോ മുൻപ് 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. പേരു ചേർക്കൽ, തിരുത്തൽ, വാർഡ് മാറ്റം എന്നിവയ്ക്കെല്ലാം ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. ഫെബ്രുവരി 14ആണ് അവസാന തീയതി.