ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നത് മര്യാദ, ഭരണഘടനാ ബാധ്യതയല്ലെന്ന് ജസ്റ്റിസ് സദാശിവം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 11:53 AM |
Last Updated: 21st January 2020 11:54 AM | A+A A- |

ഗവര്‍ണര്‍ പി സദാശിവം (ഫയല്‍)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ദൈനംദിന ഭരണകാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ച് അനുമതി വാങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് പി സദാശിവം. ഏതെങ്കിലും കേസില്‍ കോടതിയെ സമീപിക്കുമ്പോള്‍ അനുമതി വാങ്ങേണ്ടതില്ലെന്നും എന്നാല്‍ സുപ്രധാന തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദയാണെന്നും സദാശിവം പറഞ്ഞു.
പൗരത്വ നിയമഭേദഗതിയെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴാണ് ജസ്റ്റിസ് സദാശിവം നിലപാട് വ്യക്തമാക്കിയത്. ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയല്ലെന്ന് സദാശിവം പറഞ്ഞു. അതേസമയം സുപ്രധാനമായ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ എല്ലാ കാര്യവും ഗവര്‍ണറെ അറിയിക്കുന്നത് മര്യാദയാണ്. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് നല്ലത്. തന്റെ കാലത്ത് ചില അവസരങ്ങളില്‍ മുഖ്യമന്ത്രി തന്നെ വിവരങ്ങള്‍ അറിയിക്കാറുണ്ടെന്നും ജസ്റ്റിസ് സദാശിവം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. റൂള്‍സ് ഒഫ് ബിസിനസ് ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞത്.