പൗരത്വ നിയമത്തിനെതിരെ പ്രമേയം: ജില്ലാ പഞ്ചായത്ത് നീക്കത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 01:14 PM |
Last Updated: 21st January 2020 01:14 PM | A+A A- |

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുളള ജില്ലാ പഞ്ചായത്തിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്താണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മറ്റന്നാള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ഭരണസമിതി തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്തതാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് എതിരായി ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാഴ്ചത്തേയ്ക്കാണ് സ്‌റ്റേ.
ആഴ്ചകള്‍ക്ക് മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരായുളള പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരാണ് പ്രമേയം അവതരിപ്പിച്ചത്. ബിജെപി പ്രതിനിധി ഒഴികെയുളള എല്ലാ എംഎല്‍എമാരും പ്രമേയത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ മാതൃക പിന്തുടര്‍ന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാനുളള നീക്കത്തിനാണ് ഇപ്പോള്‍ സ്‌റ്റേ ഉണ്ടായിരിക്കുന്നത്.