മെട്രോയില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് പേരിട്ടു, 'മെട്രോ മിക്കി'; ദത്ത് നല്‍കാനുള്ള നടപടികള്‍ തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 06:54 AM |
Last Updated: 21st January 2020 06:54 AM | A+A A- |
കൊച്ചി: മെട്രോ തൂണുകള്‍ക്കിടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റേയും, തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റേയുമെല്ലാം ആഘാതത്തിലാണ് പൂച്ചക്കുട്ടി ഇപ്പോഴും. അതിനിടയില്‍, പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുന്ന പൂച്ചക്കുട്ടിക്ക് പേരിട്ടു, മെട്രോ മിക്കി....
സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി.
വല്ലാതെ ഭയന്നതിന്റെ പ്രശ്‌നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോഴില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.
ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കും. നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നല്‍കില്ല. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്പിസിഎ അധികൃതരുമായി ബന്ധപ്പെടാം.