സര്‍ക്കാരിന് മൂക്കുകയറിടാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല; ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം: ഉമ്മന്‍ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 07:45 PM |
Last Updated: 21st January 2020 07:47 PM | A+A A- |

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ കേരള ഗവര്‍ണര്‍ തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കുവാനും മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാന്‍ സാധിക്കില്ല. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടര്‍ നടപടിയാണത്.
ചട്ടങ്ങള്‍ പ്രകാരം തീരുമാനം ഗവര്‍ണറെ അറിയിച്ചോ ഇല്ലയോയെന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്‌നം മാത്രമാണ്. അതിന്റെ പേരില്‍ ഗവര്‍ണര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ജനാധിപത്യ ഭരണക്രമത്തില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവര്‍ണറുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് പരസ്യമായ വിവാദങ്ങള്‍ ഒഴിവാക്കി നാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.