ശബരിമല; തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധന

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 07:57 AM  |  

Last Updated: 21st January 2020 08:05 AM  |   A+A-   |  

0521_sabarimala_f1

 

പത്തനംതിട്ട: ശാന്തവും സംഘർഷരഹിതവുമായ തീർത്ഥാടന കാലമായിരുന്നു ഇത്തവണ ശബരിമലയിൽ. തീർത്ഥാടനം സുഗമമായതോടെ ഭക്തരുടെ എണ്ണത്തിൽ വലിയ വർധനയുമുണ്ടായി. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളിൽ പേർ മല ചവിട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്. അന്തിമ കണക്കിൽ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണിൽ ഇത് 167 കോടിയായിരുന്നു. എന്നാൽ, വിവാദങ്ങളില്ലാതിരുന്ന 2017-18 വർഷത്തിൽ വരുമാനം 260കോടിയായിരുന്നു.

ഇത്തവണ തിരക്ക് നിയന്ത്രണങ്ങളിൽ വന്ന പാളിച്ചകളും തീർത്ഥാടകരോടുള്ള പൊലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാൽ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഉണ്ടായില്ല. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീർഥാടന കാലത്ത് നടത്തിയ പരാമർശങ്ങളും ശബരിമലയിലെ ആശങ്കകൾ അകറ്റി.

കഴിഞ്ഞ മണ്ഡല മകര വിളക്കു കാലത്ത് യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാരിന്റെ നേർ വിപരീത മുഖമായിരുന്നു ഇത്തവണത്തെ തീർഥാടന കാലത്തുണ്ടായത്. മുഖ്യമന്ത്രിയുൾപ്പെടെ ആരും യുവതികളെത്തിയാൽ മലകയറ്റണമെന്ന നിലപാടെടുത്തില്ല.

കഴിഞ്ഞ സീസൺ കാലത്ത് സർക്കാർ നയത്തിനൊപ്പം നിന്ന ദേവസ്വം കമ്മീഷണർ എൻ വാസു ഇത്തവണ ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോഴുണ്ടായ മനം മാറ്റവും ശ്രദ്ധേയമായി. ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം അദ്ദേഹം തീർത്ഥാടനകാലം മുഴുവൻ ആവർത്തിച്ചു.