'എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?'; തേങ്ങലടങ്ങാതെ ബന്ധുക്കള്‍; അച്ഛനും അമ്മയും അനിയനും ഇല്ലാത്ത ആ വീട്ടിലേക്ക് മാധവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 04:41 PM |
Last Updated: 22nd January 2020 04:43 PM | A+A A- |

കോഴിക്കോട്: രണ്ട് ദിവസമായി കാണാതിരിക്കുന്ന അച്ഛനെയും അമ്മയെയും അനിയനെയും കാണാമെന്ന പ്രതീക്ഷയിലാണ് മാധവ് ഇന്നെത്തുന്നത്. ആറ് വയസ്സുകാരന്‍ ഇതുവരെ അറിഞ്ഞിട്ടില്ല അവന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ച വിവരം. തന്നെയും കാത്ത് അവര്‍ വീട്ടിലിരിക്കുകയാണെന്നാണ് അവന്റെ പ്രതീക്ഷ.
ചില അത്യാവശ്യ കാര്യങ്ങളുള്ളതിനാല്‍ അച്ഛനും അമ്മയും അനിയനും നേരത്തെ വിമാനം കയറി നാട്ടിലേക്ക് പോകേണ്ടിവന്നുവെന്നാണ് അവനെ അറിയിച്ചിരിക്കുന്നത്. അത് അവനെ വിശ്വസിപ്പിച്ചാണ് മാധവിനെ നാട്ടിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നതും. നാട്ടിലെത്തിയാല്‍ എന്ത് പറയുമെന്ന് ആര്‍ക്കുമറിയില്ല. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയി റിസോര്‍ട്ടിലെ വിഷവാതകം ശ്വസിച്ച് രണ്ട് കുടുംബങ്ങളിലെ എട്ട് പേര്‍ മരണമടഞ്ഞപ്പോള്‍ രക്ഷപെട്ടത് ആറ് വയസ്സുകാരന്‍ മാധവ് മാത്രമാണ്.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് മാധവിനേയും കൂട്ടി കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് നാട്ടിലേക്ക് പുറപ്പെട്ടത്. യുപിയില്‍ പട്ടാള ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്നലെ നേപ്പാളിലെത്തിയിരുന്നു. ഒരുവിധം പറഞ്ഞ് സമാധാനിപ്പിച്ച് മാധവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചത്.
രാത്രി പത്ത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുട്ടിയും കൂടെയുള്ളവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊകവൂരിലെ മാധവിന്റെ അമ്മയുടെ വീട്ടിലേക്കായിരിക്കും ഇവരെത്തുക. ഇവിടെയായിരുന്നു മാധവിന്റെ അച്ഛന്‍ രഞ്ജിത്കുമാറും, അമ്മ ഇന്ദുലക്ഷ്മയും, സഹോദരന്‍ വൈഷ്ണവും താമസിച്ചിരുന്നത്. അവിടെയാണ് ഇവരുടെ പുതിയ വീടിന്റെ നിര്‍മ്മാണവും നടക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നാളെ രാത്രിയോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ആവശ്യമുള്ള രേഖകളെല്ലാം ബന്ധപ്പെട്ടവര്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നിന്ന് വിഷവാതകം ശ്വസിച്ച് ഇന്നലെയായിരുന്നു രണ്ട് കുടുംബത്തിലെ എട്ടുപേര്‍ ദാരണമായി കൊല്ലപ്പെട്ടത്. രണ്ട് കുടുംബത്തില്‍ മാധവ് മാത്രമായിരുന്നു രക്ഷപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.