കാര്‍ബണ്‍ മോണോക്‌സൈഡ്: നിറവും മണവുമില്ലാത്ത കൊലയാളി; റൂം ഹീറ്റര്‍ വില്ലനാകുന്നത് എങ്ങനെ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 07:43 AM |
Last Updated: 22nd January 2020 07:43 AM | A+A A- |

റൂം ഹീറ്ററില്‍ നിന്ന് പുറത്തുവന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് നേപ്പാളില്‍ എട്ട് മലയാളികള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. റൂം ഹീറ്ററുകള്‍ പലപ്പോഴും വില്ലനായി മാറാറുണ്ട്. തീരെ വായുസഞ്ചാരമില്ലാത്ത ചെറിയ മുറികളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്. ദുരന്തം നടന്ന റിസോര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള ഹീറ്ററാണ്. തുറസ്സായ സ്ഥലങ്ങളില്‍ പരിപാടികളും മറ്റും നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ലോണ്‍ ഹീറ്ററാണ് ഉപയോഗിച്ചിരുന്നതെന്നും സംശയമുണ്ട്. ഇത് കൂതല്‍ ശക്തിയുള്ളതാണ്.
എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് ?
മണമോ രുചിയോ നിറമോ ഇല്ലാത്ത ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ ശരീരത്തിന് ഓക്‌സിജന്‍ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും. എന്നാല്‍, ഇതിന് മണമോ നിറമോ ഒന്നുമില്ലാത്തതിനാല്‍ ഇത് അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല. മുറികള്‍ അടച്ചുപൂട്ടി കിടക്കുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമാകുകയും ചെയ്യും.
ഓക്‌സിജന്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാല്‍, ഓക്‌സിജന് ഒപ്പം കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തിയാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിനാണ് ഹീമോഗ്ലോബിന്‍ കൂടുതല്‍ പരിഗണന കൊടുക്കുക. ഇങ്ങനെ കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തുന്നതോടെ ഓക്‌സിജന്‍ ലഭിക്കാതെ ശരീരത്തിലെ കോശങ്ങള്‍ നശിക്കും.
ഭക്ഷ്യവിഷബാധയേറ്റാല്‍ എന്ന പോലുള്ള ലക്ഷണങ്ങള്‍ ആയിരിക്കും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചവരില്‍ ഉണ്ടാകുക. എന്നാല്‍, കുറഞ്ഞ അളവിലാണ് ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തുന്നതെങ്കില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുക്കും, കൂടിയ തോതില്‍ ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തിയാല്‍ ബോധക്ഷയം ഉണ്ടാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണമുറപ്പ്.
റൂം ഹീറ്റര്‍ അപകടകാരിയാകുന്നത് ഇങ്ങനെ
സാധാരണ ഹീറ്ററുകള്‍ കുറെസമയം പ്രവര്‍ത്തിപ്പിച്ചാല്‍ അതില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവരും. മുറിയിലെ ഓക്‌സിജന്‍ കുറഞ്ഞുകുറഞ്ഞ് ഇല്ലാതാവുകയും ചെയ്യും. ഇതോടൊപ്പം വിഷവായു മുറിയില്‍ നിറയും.
തലകറക്കം, ഛര്‍ദി, തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയുണ്ടാകാം. പിന്നാലെ അബോധാവസ്ഥയിലേക്ക്. നാഡീവ്യൂഹത്തെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലയ്ക്കുകയും ചെയ്യുന്നാണ് മരണകാരണം.
റൂം ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍
ചെറിയ മുറിയില്‍ ഉപയോഗിക്കാതിരിക്കുക
അധികനേരം തുടര്‍ച്ചയായി ഉപയോഗിക്കരുത്
ഗുണനിലവാരമുള്ളതും ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നതും ഉപയോഗിക്കുക. അതായത്, ഓക്‌സിജന്‍ കുറഞ്ഞാല്‍ സ്വാഭാവികമായും ഹീറ്റര്‍ ഓഫാകും.