കിച്ചു കൊണ്ടുവന്ന 'ഭാഗ്യം' ; കാറ്റടിച്ചാല്‍ കൂര തകരുമെന്ന പേടിയില്ലാതെ രാധയ്ക്ക് കഴിയാം ; അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 12:32 PM  |  

Last Updated: 22nd January 2020 12:32 PM  |   A+A-   |  

 

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ ഇടംപിടിച്ച വളര്‍ത്തുനായയാണ് കിച്ചു. ഫ്‌ലാറ്റ് പൊളിക്കുന്നതിനോട് അനുബന്ധിച്ച് അടുത്തുള്ള താമസക്കാര്‍ ഒഴിഞ്ഞുപോയപ്പോള്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുനായയാണ് കിച്ചു. ആര്‍ഫ സെറിന്‍ ഫ്‌ലാറ്റിന് 50 മീറ്റര്‍ അകലെയുള്ള, ശക്തമായ കാറ്റടിച്ചാല്‍ നിലംപൊത്താവുന്ന അവസ്ഥയിലുള്ള കൊച്ചു കൂരയിലായിരുന്നു കിച്ചുവും നികര്‍ത്തില്‍ ബൈജു, സഹോദരി രാധ എന്നിവര്‍ താമസിച്ചിരുന്നത്.

നിര്‍ധനരായ രാധയും ബൈജുവും വീട്ടില്‍ നിന്നും മാറിയപ്പോള്‍, കിച്ചുവിനെ കൂടെ കൊണ്ടുപോകാന്‍ ഇവര്‍ക്കായില്ല. ഈ വിവരം വാര്‍ത്തയായതോടെ വണ്‍നെസ് മൃഗസ്‌നേഹി കൂട്ടായ്മ പ്രവര്‍ത്തകരെത്തി കിച്ചുവിനെ രക്ഷിക്കുകയായിരുന്നു. ഫ്‌ലാറ്റ് പൊളിച്ചതിന് ശേഷം പിറ്റേദിവസം ഇവര്‍ കിച്ചുവിനെ രാധയുടെ വീട്ടില്‍ തിരികെ എത്തിച്ചതും വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ കിച്ചുവിന്റെ കൊച്ചു കൂരയിലേക്ക് മറ്റൊരു നല്ല വാര്‍ത്തയുമെത്തുന്നു. ഇടിഞ്ഞുപൊളിഞ്ഞ കുരയ്ക്ക് പകരം അടച്ചുറപ്പുള്ള വീട് രാധയ്ക്കും ബൈജുവിനും നിര്‍മ്മിക്കാനാണ് തീരുമാനം. ആല്‍ഫാ ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ രൂപീകരിച്ച കര്‍മ്മസമിതിയാണ് ഈ തീരുമാനമെടുത്തത്.

കര്‍മ്മ സമിതി കണ്‍വീനറും മരട് നഗരസഭ വികസന കാര്യ സമിതി അധ്യക്ഷയുമായ ദിഷ പ്രതാപന്റെ നേതൃത്വത്തിലാണ് ബൈജുവിനും രാധയ്ക്കും കിച്ചുവിനും വീടൊരുക്കുന്നത്. സമിതി പ്രവര്‍ത്തകര്‍ ശ്രമദാനമായി ഞായറാഴ്ച്ച പ്രവര്‍ത്തനം തുടങ്ങും. ഒറ്റയടിപ്പാത മാത്രമാണിപ്പോള്‍ കൂരയിലേക്കുള്ള വഴി. ഒഴിഞ്ഞ പറമ്പിലൂടെ ഇവരുടെ വീട്ടിലേക്കുള്ള വഴി തെളിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 'എല്ലാം കിച്ചുവിന്റെ ഭാഗ്യം' ദിഷയില്‍ നിന്ന് വിവരം അറിഞ്ഞപ്പോള്‍ രാധ സന്തോഷം ഒറ്റവാക്കിലൊതുക്കി.

ഇവരുടെ അച്ഛന്‍ കരുണാകരന്‍ ചുമരിടിഞ്ഞു വീണാണ് മരിച്ചത്. അമ്മ അസുഖ ബാധിതയായി മരിച്ചു. മറ്റുസഹോദരങ്ങള്‍ വിവാഹത്തെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി. ചെറുപ്പത്തിലേ രോഗിയായ രാധ വിവാഹം കഴിച്ചില്ല. കല്‍പ്പണിക്കാരനായ സഹോദരന്‍ ബൈജുവാണ് കുടുംബത്തിന്റെ ഏക ആശ്രയം. ബൈജുവും വിവാഹം കഴിച്ചിട്ടില്ല. സ്ഥലത്തിന്റെ ഉടമസ്ഥത ഇപ്പോഴും മരിച്ചുപോയ കരുണാകരന്റെ പേരിലായതിനാല്‍ നഗരസഭയ്ക്ക് വീട് നിര്‍മിക്കാന്‍ സഹായം നല്‍കാനാകാത്ത അവസ്ഥയിലാണ്.