നേരത്തെ കിലോഗ്രാമിന് 22 രൂപ, ഇപ്പോള്‍ 40ലേക്ക്; നാളികേര വില കൂടുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 06:55 PM |
Last Updated: 22nd January 2020 06:55 PM | A+A A- |

കൊച്ചി: സംസ്ഥാനത്ത് തേങ്ങ വില ഉയര്‍ന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആറുരൂപ വരെയാണ് തേങ്ങയ്ക്ക് വിലകൂടിയത്. മാസങ്ങള്‍ക്കു മുമ്പ് വിലയിടിവില്‍ തകര്‍ന്നിരുന്ന നാളികേര വിപണി തിരിച്ചു കയറുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്.
സംസ്ഥാനത്ത് ചില്ലറവില്പനയില്‍ തേങ്ങവില കിലോഗ്രാമിന് 34 മുതല്‍ 36 വരെയെത്തി. ചിലദിവസങ്ങളില്‍ 38 രൂപമുതല്‍ 40 രൂപയ്ക്ക് മുകളിലും വിലകിട്ടുന്നുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആറുരൂപ വരെയാണ് തേങ്ങയ്ക്ക് വിലകൂടിയത്.
2019 ജൂണില്‍ തേങ്ങവില കിലോഗ്രാമിന് 22 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം നിലച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണമായത്. തേങ്ങ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ വിപണിയിലും തേങ്ങവില ഇടിഞ്ഞു.
എന്നാല്‍, ഓണക്കാലത്ത് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആവശ്യക്കാര്‍ കൂടിയതോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തേങ്ങയ്ക്ക് നേരിയ തോതില്‍ വിലയേറി തുടങ്ങി. തുടര്‍ന്നുവന്ന ഉത്സവ സീസണുകളിലും ആവശ്യക്കാര്‍ കൂടി. കഴിഞ്ഞ സെപ്റ്റംബറില്‍ 28 രൂപയാണ് വിലയുണ്ടായിരുന്നത്. ഡിസംബറോടെ തേങ്ങവില 34 രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലും സമാനമായി തേങ്ങവില 40 രൂപ വരെ എത്തിയിരുന്നു.
അതേസമയം, ആഭ്യന്തരമായി ലഭിച്ചുകൊണ്ടിരുന്ന തേങ്ങവരവില്‍ കുറവുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. നേരത്തെ നാട്ടിന്‍പുറത്തെ നാളികേര കര്‍ഷകര്‍ വില്പനക്കെത്തിക്കുന്ന തേങ്ങയിലൂടെ ആഴ്ചയില്‍ നാലുലോഡ് വിപണിയിലെത്തിയിരുന്നു.
ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുലോഡ് മാത്രമാണ് വിപണിയിലെത്തുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ അതിര്‍ത്തി മാര്‍ക്കറ്റുകളിലെത്തുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള തേങ്ങയും വിപണിയിലെത്തിക്കാന്‍ തുടങ്ങി.വിലയിടിവുണ്ടായിരുന്ന സമയത്ത് ചെറുകിട തേങ്ങകര്‍ഷകര്‍ തേങ്ങവില്‍ക്കാതെ ആട്ടിയുണക്കി വെളിച്ചെണ്ണയുണ്ടാക്കാന്‍ തുടങ്ങിയതും ആഭ്യന്തരവിപണിയില്‍ വരവുകുറയാന്‍ കാരണമായി.