തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച്...യാതൊരു അങ്കലാപ്പുമില്ലാതെ ; ജയിലില്‍ അടിമുടി 'ജോളി'
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 10:53 AM |
Last Updated: 22nd January 2020 10:53 AM | A+A A- |

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോള്‍ ജയിലില്‍ ആഹ്ലാദവതിയാണ്. മുമ്പ് വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നത്. എന്നാല്‍ ആ പഴയ ജോളിയല്ല ഇപ്പോഴുള്ളതെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.
സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു. അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നു. കേസുകളില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അങ്കലാപ്പും ജോലിയുടെ മുഖത്ത് ഇപ്പോഴില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആര് സെല്ലുകളാണ് ഉള്ളത്. 10 കുറ്റവാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ട് സെല്ലുകളിലായാണ് പാര്‍പ്പിച്ചിട്ടുള്ളത്.
ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതില്‍ ജോളി അടക്കം ആറുപേരാണ് ഉള്ളത്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് ജോളിയെ മാറ്റിയത്. ജയില്‍ അധികൃതരുടെ ശാസ്ത്രീയ സമീപനവും ജോളിയില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
തടവുകാരികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജയിലില്‍ യോഗ പരിശീലനം നല്‍കുന്നുണ്ട്. വനിതാ വാര്‍ഡന്മാരാണ് യോഗ പഠിപ്പിക്കുന്നത്. കൂടാതെ, കൗണ്‍സലിംഗും നല്‍കി വരുന്നുണ്ട്. അതത് മതാചാര പ്രകാരമുള്ള കൗണ്‍സിലിംഗാണ് നല്‍കി വരുന്നത്. ഇതും കാര്യമായ മാറ്റങ്ങള്‍ തടവുകാരില്‍ ഉണ്ടാക്കുന്നതായി ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.
ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ടില്ലെന്നാണ് സൂചന. താമസിയാതെ ജോളിക്ക് തൊഴില്‍ പരിശീലനവും നല്‍കിയേക്കും. ജോളിക്കെതിരെ ശ്‌സ്ത്രീയ രീതിയില്‍ പഴുതടച്ചുള്ള കുറ്റപത്രമാണ് നല്‍കിയതെന്നാണ് കേസന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ എസ് പി കെ ജി സൈമണ്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന്റെ യാതൊരു ആശങ്കയുമില്ലാതെ ജയിലില്‍ ഉല്ലാസവതിയാണ് ജോളി ജോസഫ്.