ഗതാഗത നിയമലംഘനം : പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്‍കി.

ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കില്ല എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ പ്രയാസം ചൂണ്ടിക്കാട്ടി സംസ്ഥാന ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവു വരുത്തുകയായിരുന്നു. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.

പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.  നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്ന മുന്നറിയിപ്പും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്!തിരുന്നു. പിന്നീട് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്.  അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com