മദ്യലഹരിയിൽ ഒൻപതുവയസ്സുകാരനെ മടിയിലിരുത്തി അച്ഛന്റെ ഡ്രൈവിങ്: നാലുവാഹനങ്ങൾ ഇടിച്ചു തകർത്തു

By സമകാലിക മലയാളം ഡെസ്‌  |   Published: 22nd January 2020 09:57 AM  |  

Last Updated: 22nd January 2020 09:57 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഇടുക്കി: മദ്യലഹരിയിൽ ഒൻപതുവയസ്സുകാരനെ മടിയിലിരുത്തി അച്ഛന്റെ ഡ്രൈവിങ്. നിയന്ത്രണംവിട്ട കാർ നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു.

 രാജാക്കാട് ടൗണിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മദ്യലഹരിയിൽ കാർ ഓടിച്ച് പിതാവ് പരിഭ്രാന്തി സൃഷ്ടിച്ചത്. വാഹനം ഓടിച്ചിരുന്ന സേനാപതി സ്വദേശിക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും പൊലീസ് കേസെടുത്തു. എന്നാൽ ഡ്രൈവിങ് സീറ്റിൽ മടിയിലിരുന്ന് ഒൻപതുവയസ്സുകാരനായ മകനാണ് വാഹനം ഓടിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു. ഇവർക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് രണ്ടുപേരും വാഹനത്തിൽ ഉണ്ടായിരുന്നു.

പൊന്മുടി റൂട്ടിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലും വാനിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചു. സ്കൂട്ടർ മറിഞ്ഞെങ്കിലും ഇതിൽ യാത്ര ചെയ്ത ദമ്പതികളും രണ്ടര വയസ്സുള്ള കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിനു ശേഷവും തെറ്റായ ദിശയിൽ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ ശേഷം നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.