സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍; ഭരണഘടനാ വിദഗ്ധരെ കണ്ടു

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 10:55 PM  |  

Last Updated: 22nd January 2020 10:55 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 
ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ സംസാരിച്ചു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും ഗവര്‍ണര്‍ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയുടെ സാധ്യതയും ആരാഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കും തുടരുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയഭേദഗതിക്കെതിരായ സംസ്ഥാന എതിര്‍പ്പ് ഉള്‍പ്പെടുത്തുന്ന നയ പ്രഖ്യാപന പ്രസംഗം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 29നാണ് നയ പ്രഖ്യാപന പ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിയോടുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധവും സുപ്രീംകോടതിയെ സമീപിച്ചതും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.