മലയാളം വായിച്ച് കണ്ണ് തെളിയാന്‍...!; വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ്സുകാരനെ ക്രൂരമായി തല്ലിച്ചതച്ചു ; ദേഹത്ത് അടിയുടെ 21 പാടുകള്‍, പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2020 09:55 AM |
Last Updated: 23rd January 2020 09:55 AM | A+A A- |
കോട്ടയം : വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ ഇളയ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ രണ്ടു കാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രിയോടെ കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി.
ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാന്‍ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്ന് പറഞ്ഞ് ടീച്ചര്‍ ചൂരലിന് തല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ സൗമ്യ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയകാര്യം പറയുന്നത്. ഉടന്‍തന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.
തുടര്‍ന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രഥമാധ്യാപിക പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ അച്ഛന്‍ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
രാത്രിയിലാണ് വിവരം അറിഞ്ഞതെന്നും, മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയില്‍ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷ നല്‍കിയെന്നുമാണ് പ്രഥമാധ്യാപിക പറഞ്ഞതെന്ന് കുറവിലങ്ങാട് എഇഒ ഇ എസ് ശ്രീലത പറഞ്ഞു. സ്‌കൂളില്‍ ചൂരല്‍ ഉള്‍പ്പെടെയുള്ള വടികള്‍ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനില്‍ക്കെയാണ് ഈ ശിക്ഷ. വിശദമായ അന്വേഷണം നടത്തി അധ്യാപികയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഇഒ വ്യക്തമാക്കി.