സെന്‍കുമാര്‍ ആരോ തയ്യാറാക്കിവിട്ട മനുഷ്യബോംബ്; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കുന്നു; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2020 03:24 PM |
Last Updated: 23rd January 2020 03:24 PM | A+A A- |

ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. താന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ്. കേളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ളഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പളളിയും ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നായിരുന്നു തുഷാര്‍ പറഞ്ഞത്. മക്കളുടെ കല്യാണം നടത്തുന്നതിനായി മാത്രം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ പറഞ്ഞിരുന്നു. സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം. തന്റെ പേരില്‍ കള്ളയൊപ്പിട്ട് കോടിക്കണക്കിന് രൂപ തട്ടിയതായും അതിനെതിരെ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.