അതിക്രമിച്ചെത്തിയ യുവതി അസഭ്യം പറഞ്ഞു; ക്ഷേത്രത്തിലെ പൗരത്വനിയമ പരിപാടിയില്‍ പരാതിയുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 05:53 PM  |  

Last Updated: 23rd January 2020 05:53 PM  |   A+A-   |  

 

കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ പരാതിയുമായി ബിജെപി. ബിജെപി നേതാവ് സജിനിയാണ് തിരുവനന്തപുരം സ്വദേശിനി ആതിരക്കെതിരേ പരാതി നല്‍കിയത്.

സിഎഎ അനുകൂല പരിപാടിക്കിടെ തിരുവനന്തപുരം പേയാട് സ്വദേശിയായ ആതിര അതിക്രമിച്ച് കടക്കുകയും അവിടെ ഉണ്ടായിരുന്നവരെ അസഭ്യംപറയുകയും ചെയ്തതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സജിനി എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിരയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ ബിവി അനസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വാദിയും പ്രതിയും സ്ത്രീകള്‍ ആയതിനാല്‍ കേസ് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയെന്നും നോര്‍ത്ത് എസ് ഐ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എറണാകുളം പാവക്കുളം അമ്പലത്തില്‍ നടന്ന സി എ എ അനുകൂല പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ നടത്തിയ പരാമര്‍ശം ആതിര ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. പരിപാടിക്കിടെ അവിടേക്കെത്തുന്ന ആതിര എന്തോ പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇവര്‍ക്കെതിരേ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ആക്രോശിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തന്റെ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിരിക്കുന്നത് തന്റെ രണ്ട് പെണ്‍മക്കളെ ഒരു കാക്കന്‍മാരും കൊത്തിക്കൊണ്ടുപോകാതിരിക്കാനാണെന്ന് ഇത് ചെയ്തതെന്ന് പറഞ്ഞായിരുന്നു ആക്രോശം. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.