കാറിനകത്ത് 'പുരോഹിതന്‍', വിടാതെ പിന്തുടര്‍ന്ന് ബൈക്കുകാര്‍, ഭയന്ന ഡ്രൈവര്‍ ഓടിച്ചുകയറ്റിയത് സ്‌റ്റേഷനിലേക്ക് ; വമ്പന്‍ ട്വിസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 08:26 AM  |  

Last Updated: 23rd January 2020 08:29 AM  |   A+A-   |  

ഫയല്‍ ചിത്രം

 

കോട്ടയം : പുരോഹിതന്റെ വേഷം ധരിച്ചെത്തി ടാക്‌സി കാര്‍ തട്ടിയെടുക്കാനുള്ള ശ്രമം അവസരോചിത ഇടപെടലിലൂടെ ഡ്രൈവര്‍ പരാജയപ്പെടുത്തി. പാലാ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉപ്പൂട്ടില്‍ ജോസിന്റെ കാര്‍ തട്ടിയെടുക്കാനാണ് നീക്കം നടന്നത്. യാത്രാമധ്യേ സംശയം തോന്നിയ ജോസ് സുഹൃത്തുക്കള്‍ വഴി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഗൂഢപദ്ധതി ബോധ്യപ്പെട്ടത്.  

ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാലാ സ്റ്റാന്‍ഡിലെത്തിയ ഒരാള്‍ ഒരു മത സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞു ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടറെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിച്ച് കൊട്ടാരമറ്റത്തുനിന്ന് ഒരു പുരോഹിതനെ കയറ്റി മാളയ്ക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കാറുമായി കൊട്ടാരമറ്റത്തെത്തിയ ജോസ് പുരോഹിതന്റെ വേഷം ധരിച്ചയാളെ കയറ്റി യാത്ര തുടര്‍ന്നു. അങ്കമാലിയിലെത്തിയപ്പോള്‍ മാളയ്ക്കുള്ള വഴിയിലെ സെമിനാരിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രയ്ക്കിടയില്‍ പുരോഹിതന്‍ ഒരു ഹോട്ടലിലും വീട്ടിലും കയറി. അപ്പോഴെല്ലാം പുരോഹിതന്റെ വേഷം മാറ്റി കാറില്‍ വച്ചിട്ടാണ് പോയത്.

ഇതിനിടെ ചിലര്‍ ബൈക്കുകളില്‍ കാറിനെ പിന്തുടരുന്നത് ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സംശയം തോന്നിയ ജോസ് പാലായിലുള്ള സുഹൃത്തുക്കളോട് വിവരം പറയുകയും ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തി വിളിച്ച ആളുടെ ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണന്ന് ജോസിനെ വിവരമറിയിച്ചു.

ഈ സമയത്തും ബൈക്കുകളില്‍ ചിലര്‍ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. ഭയന്നുപോയ ജോസ് പുരോഹിതന്‍ അറിയാതെ മാള പൊലീസ് സ്‌റ്റേഷനിലേക്ക് കാറോടിച്ചുകയറ്റി. പൊലീസുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കാറിലുണ്ടായിരുന്നത് വിവിധ കേസുകളിലെ പ്രതിയാണന്ന് തിരിച്ചറിഞ്ഞു. തിരിച്ചുപോരാന്‍ പണം പോലുമില്ലാതിരുന്ന ജോസിന് പൊലീസുകാരാണ് ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കിയത്. സംഭവത്തില്‍ പാല പൊലീസില്‍ ജോസ് പരാതി നല്‍കി.