ചട്ടം ലംഘിക്കുന്നത് ഗവര്‍ണര്‍ ; സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കെന്ന് സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 01:36 PM  |  

Last Updated: 23rd January 2020 01:36 PM  |   A+A-   |  

p_sreeramakrishnan1

 

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടന അനുസരിച്ച് ചട്ടം ലംഘിക്കുന്നത് ഗവര്‍ണറാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അധ്യക്ഷനായ സ്പീക്കറെയാണ് അറിയിക്കേണ്ടത്.

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ പാലിക്കേണ്ട ചട്ടം ആദ്യം അത്  നിയമസഭ അധ്യക്ഷനെ അറിയിക്കുക എന്നതാണ്. ചട്ടലംഘനം നടത്തിയത് വിനയത്തോടുകൂടി പറയട്ടെ, ചട്ടലംഘനത്തെക്കുറിച്ച് എപ്പോഴും പറയുന്ന ഗവര്‍ണറാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം ഉണ്ടെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.