ജംബോ പട്ടിക ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കും; ഭാരവാഹികളാകാനില്ലെന്ന് വിഡി സതീശനും ടിഎന്‍ പ്രതാപനും; ചര്‍ച്ച തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 04:39 PM  |  

Last Updated: 23rd January 2020 04:39 PM  |   A+A-   |  

satheesan

 

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ എംഎല്‍എ ഹൈക്കമാന്റിന് കത്ത് നല്‍കി. ജംബോ പട്ടിക പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ടിഎന്‍ പ്രതാപന്‍ എംപിയും, എപി അനില്‍ കുമാര്‍ എംഎല്‍എയും ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കണം. ഒരാള്‍ക്ക് ഒരു പദവി നിര്‍ദേശം നടപ്പാക്കണമെന്ന് ടിഎന്‍ പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കെപിസിസി വര്‍ക്കിങ്്പ്രസിഡന്റുമാരായി തന്നേയും കെ സുധാകരനേയും നിയമിച്ചത് ഗ്രൂപ്പ് നേതൃത്വമല്ലെന്നു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സ്ഥാനത്തു നിന്നു മാറണമെന്നു പറയേണ്ടത് ഗ്രൂപ്പ് നേതൃത്വമല്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജംബോ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിച്ചതോടെ കെപിസിസി ഭാരവാഹി പ്രഖ്യാപനം വഴിമുട്ടി. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയും പേര്‍ ഭാരവാഹികളാവുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  വൈകിയാലും കുഴപ്പമില്ല മികച്ച നേതൃനിരവേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. വനിത പ്രാതിനിധ്യം കുറഞ്ഞതും പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണ ലഭിക്കാത്തതും വിമര്‍ശനത്തിനിടയാക്കി. ഇതോടെ ജംബോ പട്ടികയുടെ വലിപ്പം കുറയ്ക്കാന്‍ കേരള നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.