തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തില്ലേ..? ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 14 വരെ, നടപടിക്രമം ഇങ്ങനെ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്
തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തില്ലേ..? ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 14 വരെ, നടപടിക്രമം ഇങ്ങനെ

തിരുവനന്തപുരം : കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിരുന്നു എന്ന വിശ്വാസത്തില്‍ ഇരുന്നാല്‍ ചിലപ്പോള്‍ പണികിട്ടിയേക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ട് കാര്യമില്ല, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ഇക്കൊല്ലം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകൂ.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പട്ടികയേക്കാള്‍ 10 ലക്ഷം പേര്‍ കുറവാണ്. അതിനാല്‍ തദ്ദേശ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കണം. പേരില്ലാത്തവര്‍ക്ക് ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ മാസം ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്കാണ് പേരു ചേര്‍ക്കാനാകുക. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ www.lsgelection.kerala.gov.in വെബ്‌സൈറ്റ് ഹോം പേജിലെ വോട്ടേഴ്സ് ലിസ്റ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍ എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടിക കാണാം. അതല്ലെങ്കില്‍ തദ്ദേശ വോട്ടര്‍ തിരിച്ചറിയല്‍ നമ്പര്‍ കൈവശമുണ്ടെങ്കില്‍ ഹോം പേജിലെ സേര്‍ച്ച് വോട്ടര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത്, തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമ്പോള്‍ പേരും വാര്‍ഡും അടക്കമുള്ള വിശദാംശങ്ങള്‍ കാണാനാകും.

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍, ഹോം പേജിലെത്തി നെയിം ഇന്‍ക്ലൂഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന പേജില്‍ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍ എന്നിവ തെരഞ്ഞെടുക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ ആ തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇല്ലെങ്കില്‍ വീടിന് തൊട്ടടുത്ത് താമസിക്കുന്നയാളുടെ തദ്ദേശ വോട്ടര്‍ പട്ടികയിലെ തിരിച്ചറിയല്‍ നമ്പറോ നല്‍കാം.

അപേക്ഷകന്റെ പേര്, വീട്ടുനമ്പര്‍, പോസ്റ്റ് ഓഫീസ്, പിന്‍കോഡ്, എത്രവര്‍ഷമായി വിലാസത്തിലെ വീട്ടില്‍ താമസിക്കുന്നു, ജനനത്തീയതി, രക്ഷാധികാരി, താലൂക്ക്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയശേഷം അപേക്ഷ സമര്‍പ്പിക്കാം. തൊട്ടടുത്ത പേജില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാം. ആ പേജില്‍ തന്നെ രസീതും ഡൗണ്‍ലോഡ് ചെയ്യാം. വിലാസം തെളിയിക്കുന്ന രേഖകളുമായി തദ്ദേശസ്ഥാപനത്തില്‍ എത്തേണ്ട തീയതിയും സമയവും രസീതിയില്‍ ഉണ്ടാകുന്നതാണ്.

ഒരു വാര്‍ഡില്‍ നിന്നും സംസ്ഥാനത്ത് എവിടെയുമുള്ള മറ്റൊരു വാര്‍ഡിലേക്ക് പേരു മാറ്റാനും കഴിയും. ിതിനായി ട്രാന്‍സ്‌പൊസിഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ നല്‍കണം. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തശേഷം അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയാനും വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. ഹോം പേജിലെ സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്തശേഷം ജില്ലയും വാര്‍ഡും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ തുറക്കുന്ന പേജില്‍ അപേക്ഷയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണം. അപ്പോള്‍ അപേക്ഷയുടെ അവസ്ഥ അറിയാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com