നയപ്രഖ്യാപന പ്രസംഗത്തില്‍ 'പൗരത്വ നിയമം' വന്നാല്‍? ; നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് താന്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍, ഭരണഘടനാപരമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് താന്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

'' ഭരണഘടന എന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അതായിരിക്കും ചെയ്യുക'' - ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കണ്ടിട്ടില്ല. കാണാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചുപറയാനാവും, ഭരണഘടനയ്ക്കും നിയമത്തിനും ചട്ടത്തിനും അനുസൃതമായിരിക്കും തന്റെ നടപടി. അവയ്ക്കു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

ജനാധിപത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. അതു ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ആരും ചര്‍ച്ചയ്ക്കു തയാറാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കിയതിലും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയതിലും തന്റെ അഭിപ്രായങ്ങളില്‍ മാറ്റമില്ല. നിയമത്തെ എതിര്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ അഭിപ്രായത്തെ മാനിക്കുന്നു. എന്നാല്‍ നടപടികള്‍ ചട്ടത്തിനും നിയമത്തിനും അനുസരിച്ചായിരിക്കണം. നിയമത്തിനു മുകളിലാണ് താന്‍ എന്ന് ആരെങ്കിലും കരുതിയാല്‍ അംഗീകരിക്കാനാവില്ല.

സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഭരണഘടനാ വിരുദ്ധരുമായി താന്‍ ചര്‍ച്ച നടത്തി. ചട്ടം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടു മാത്രമേ ഇക്കാര്യത്തില്‍ നിയമസഭയ്ക്കു പ്രമേയം അവതരിപ്പിക്കാനാവൂ എന്നാണ് അവര്‍ വ്യക്തമാക്കിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com