നിലപാട് മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ നേര്‍വഴിക്ക് നടത്തും ; മുന്നറിയിപ്പുമായി എം വി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 02:11 PM  |  

Last Updated: 23rd January 2020 02:11 PM  |   A+A-   |  

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം. നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തും. അതിന് തങ്ങള്‍ക്കാകുമെന്ന് മാത്രം ഇപ്പോള്‍ പറയുന്നുള്ളൂവെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ ചട്ടുകയായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ രാജ്യവ്യാപകമായി പത്രസമ്മേളനം നടത്തി. തരംതാണ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലപാട് ഗവര്‍ണര്‍ മാറ്റണം.

ശരിയായ ജനാധിപത്യവും ഭരണഘടനാപരവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ ശക്തമായ പോരാട്ടത്തിലൂടെ നിങ്ങളെയും ഞങ്ങള്‍ക്ക് നേര്‍വഴിക്ക് നടത്താനാവുമെന്ന് കാര്യം പറഞ്ഞുവെക്കുക മാത്രമേ ചെയ്യുന്നൂള്ളൂ എന്ന് ഗോവിന്ദന്‍ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം ഗവര്‍ണര്‍ തള്ളി. വിഷയത്തില്‍ ഭരണഘടനാ വിദഗ്ധരെ കണ്ട സാഹചര്യത്തിലാണ് സിപിഎമ്മിന്റെ വിമര്‍ശനം.