മക്കളെ പഠിപ്പിക്കണം, ഇനി സങ്കടങ്ങളൊന്നും ഇല്ല; സിമിയും റഷീദയും പറയുന്നു; 'വീടായി  ഇനിയാണ് ജീവിതം' 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 08:20 PM  |  

Last Updated: 23rd January 2020 08:20 PM  |   A+A-   |  

 

കൊച്ചി: 'പഴയ കഥകളൊന്നും വേണ്ട; പുതിയ കഥകളാണ് ഞങ്ങള്‍ക്കുള്ളത്. മക്കളെ പഠിപ്പിക്കണം. ജീവിക്കണം. ഇനി സങ്കടങ്ങളൊന്നും ഇല്ല' മുവാറ്റുപുഴ സ്വദേശികളും കൂട്ടുകാരുമായ സിമിയും റഷീദയും ഒരേ സ്വരത്തില്‍ പറയുന്നത് ഇതാണ്. ലൈഫ് മിഷന്റെ ജില്ലാ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ എത്തിയതാണ് ഇരുവരും. 

നിറഞ്ഞ ചിരിയുമായാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വര്‍ഷം വരെ ജീവിതത്തിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരമായി. പുതിയ വീട് എന്നത് സ്വപ്നം കാണാന്‍ പോലും ധൈര്യമില്ലാതിരുന്ന അവസ്ഥയായിരുന്നു. ഇപ്പോഴത് മാറിയെന്ന് പടിഞ്ഞാറേച്ചാല്‍ വീട്ടില്‍ സിമി പറയുന്നു. പ്ലസ് ടുവിനും ഹൈസ്‌കൂളുകളിലും പഠിക്കുന്ന മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് മരിച്ചു. ഓടിട്ട ഇടിഞ്ഞു വീഴാറായ വീടായിരുന്നു. ആദ്യം സഹായം നല്‍കിയത് സര്‍ക്കാര്‍ തന്നെയായിരുന്നു. ലൈഫ് മിഷന്റെ നാല് ലക്ഷം രൂപയും തൊഴിലുറപ്പിന്റെ 25,000 രൂപയും ലഭിച്ചു. പിന്നീട് പലരും സഹായങ്ങള്‍ നല്‍കി. വീടു പണി പ്രതീക്ഷിച്ചതിലും ഗംഭീരമായി. സിമി പറയുന്നു. 

ഇതു തന്നെയായിരുന്നു റഷീദയുടെയും അവസ്ഥ. കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ സൗകര്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടപ്പടിക്കല്‍ റഷീദ. ബിരുദത്തിനു പഠിക്കുന്ന മക്കളാണ് റഷീദക്കുള്ളത്. ആദ്യത്തെ വീട് ഓടിട്ടതായിരുന്നു. മാത്രമല്ല മഴ പെയ്താല്‍ ചോരുകയും ചെയ്യും. ഇപ്പോള്‍ ആ പ്രശ്‌നങ്ങളൊന്നും ഇല്ല. വളരെ സന്തോഷത്തിലാണ് ഇരുവരും സംഗമത്തിനെത്തിയത്. രണ്ടു പേരും ഒരേ സ്വരത്തില്‍ പറയുന്നു. വീടായി, ഇനിയാണ് ജീവിതം.