യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒരേ നിലപാട്; എന്‍ഐഎ കേസ് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; മാധ്യമങ്ങളെ പഴിച്ച് പി മോഹനന്‍

യുഎപിഎ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പി മോഹനന്‍ 
യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒരേ നിലപാട്; എന്‍ഐഎ കേസ് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; മാധ്യമങ്ങളെ പഴിച്ച് പി മോഹനന്‍

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഈ വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പി മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

യുഎപിഎ വിഷയത്തില്‍ സര്‍ക്കാരിന് നിയമപരമായാണ് മുന്നോട്ടു പോകാനാവുകയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണ്. യുഎപിഎ കേസ് അതിന്റെ പരിശോധനാ സമിതിക്ക് മുന്നിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടുമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതെന്നും പി മോഹന്‍ പറഞ്ഞു. കേരളത്തിലെ ചില ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അലന്റെയും താഹയുടെയും കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന വേളയില്‍ കേരളത്തില്‍ 132 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ യുഎപിഎയ്‌ക്കെതിരെ രംഗത്തുവരുന്നത് രാഷ്ട്രീയ നാടകമാണെന്നും പി മോഹനന്‍ പറയുന്നു. 

അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്നായിരുന്നു പി മോഹനന്‍ രാവിലെ പറഞ്ഞത്. സര്‍ക്കാരിന് സര്‍ക്കാരിന്റേതായ വാദങ്ങളുണ്ടെന്ന്, ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പി മോഹനന്‍ പ്രതികരിച്ചു. സിപിഎം ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് പരിശോധന നീണ്ടുപോവുന്നത്. ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ ആയതിനാലാണ് അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനാവത്തതെന്ന് മോഹനന്‍ പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. അങ്ങനെ പെട്ടിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള നടപടിയെടുക്കും. ഇതുവരെ ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അലനും താഹയും നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com