വർക്കിങ് പ്രസിഡന്റുമാർ വേണ്ട; ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറച്ചു; ജംബോ പട്ടികയിൽ ഹൈക്കമാന്റിന്റെ കടുംവെട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 06:06 PM  |  

Last Updated: 23rd January 2020 06:06 PM  |   A+A-   |  

sonia_and_mullapally

 

ന്യൂ‍ഡൽ​ഹി: ഗ്രൂപ്പ് വടംവലികൾക്കൊടുവിൽ കെപിസിസിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് ഹൈക്കമാന്‍റ്. വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക എന്നു റിപ്പോർട്ടുകളുണ്ട്. 

പത്ത് വൈസ് പ്രസിഡന്റുമാർ, 20 ജനറൽ സെക്രട്ടറിമാർ എന്ന നിലയിലാണ് പുതിയ പട്ടിക. സെക്രട്ടറിമാരുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്‍റ് നടപടിയെന്നാണ് വിലയിരുത്തൽ . 

കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ  ഭാരവാഹി പട്ടിക വരുന്നതിൽ സോണിയാ ഗാന്ധി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തിൽ ഹൈക്കമാന്‍റ് ഉറച്ച് നിന്നതായാണ് വിവരം. വൈകിയാലും കുഴപ്പമില്ല മികച്ച നേതൃനിര വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. വനിതാ പ്രാതിനിധ്യം കുറഞ്ഞതും പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണ ലഭിക്കാത്തതും വിമര്‍ശനത്തിനിടയാക്കി. 

വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കിയിരുന്നു. ജംബോ പട്ടിക പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കണം. ഒരാള്‍ക്ക് ഒരു പദവി നിര്‍ദേശം നടപ്പാക്കണമെന്ന് ടിഎന്‍ പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു.