സന്ദർശകരുടെ തിരക്ക്; മെട്രോ മിക്കിക്ക് മാനസിക സമ്മ​ർദ്ദമെന്ന് ഡോക്ടർ; വീട് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 10:18 PM  |  

Last Updated: 23rd January 2020 10:18 PM  |   A+A-   |  

mocky

 

കൊച്ചി: താരമായതിന് പിന്നാലെ ആരാധകരുടെ ശല്യംകൊണ്ടു ബുദ്ധിമുട്ടി മെട്രോ മിക്കി പൂച്ച. താരമായി മാറിയ മിക്കിക്കൊപ്പം സെൽഫിയെടുക്കാനും മറ്റുമായി സന്ദർശകരുടെ തിരക്കേറിയതോടെ പൂച്ച അസ്വസ്ഥതയിലായിരുന്നു. ഒടുവിൽ മാനസിക സമ്മർദം കുറയ്ക്കാൻ മെട്രോ മിക്കിയെ  ഒരു മൃഗ സ്നേഹിയുടെ വീട്ടിലേക്കു മാറ്റിയിരിക്കുകയാണിപ്പോൾ. 

പനമ്പിള്ളി നഗറിലെ പെറ്റ്സ് ആശുപത്രിയിൽ നിന്നാണ് മിക്കിയെ മാറ്റിയത്. സന്ദർശകരുടെ തിരക്കു മൂലം പൂച്ച വല്ലാതെ പേടിച്ച സ്ഥിതിയിലാണെന്നും മാനസിക സമ്മർദം പൂച്ചകൾക്കു പെട്ടെന്നു രോഗങ്ങൾ വരാനുള്ള കാരണമാകുമെന്നും ഡോ. സൂരജ് പറഞ്ഞു. ഈ സാഹചര്യമൊഴിവാക്കാനാണു മിക്കിയെ മാറ്റിയത്. പൂച്ചയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു. 

ആശുപത്രിയിൽ വിവിധ രോഗങ്ങളുള്ള മൃഗങ്ങളുണ്ട്. പല രോഗങ്ങളും വായുവിലൂടെയും മറ്റും പകരുന്നതുമാണ്. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് മിക്കിയെ ആശുപത്രിയിൽ നിന്നു മാറ്റിയത്. 

അതേസമയം പൂച്ചയെ ഏറ്റെടുക്കാൻ വിവിധ ആളുകളും സംഘടനകളുമെത്തുന്നുണ്ട്. യഥാർഥ ഉടമയാണെന്ന് അവകാശപ്പെട്ടും ആളുകളെത്തിയ സാഹചര്യത്തിൽ, നിജസ്ഥിതി വിലയിരുത്തിയിട്ടു മാത്രമേ പൂച്ചയെ കൈമാറുന്നുള്ളുവെന്ന് എസ്പിസിഎ വ്യക്തമാക്കി.