അംഗന്‍വാടിയില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഭീമന്‍ പാമ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 07:25 AM |
Last Updated: 24th January 2020 07:25 AM | A+A A- |

പ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി: അംഗന്‍വാടിയില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ക്കിടയില്‍ വലിയ പാമ്പിനെ കണ്ടെത്തി. കൂവപ്പാടം 98-ാം നമ്പര്‍ അംഗന്‍വാടിയിലാണ് ആറടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ അധ്യാപികയും ഹെല്‍പ്പറും അംഗന്‍വാടി തുറന്നു അകത്ത് കയറിയ ഉടന്‍ പാമ്പ് ഇവര്‍ക്കു നേരെ ചീറ്റുകയായിരുന്നു.
ഈ സമയം കുട്ടികള്‍ അകത്തു പ്രവേശിക്കാതിരുന്നതിനാല്‍ അപകടം ഒഴിവായി. ചീറ്റല്‍ കേട്ട് അധ്യാപികയും പുറത്തേക്ക് ഓടി. കുട്ടികളും ഭയന്നോടി. തുടര്‍ന്ന് സമീപവാസികള്‍ എത്തി പാമ്പിനെ പിടികൂടി. 20 കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയാണിത്. ഇതിനു മുന്‍പും പല തവണ പാമ്പിനെ അംഗന്‍വാടി പരിസരത്ത് കണ്ടിരുന്നുവെങ്കിലും അധികൃതര്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.