അവിഹിത ബന്ധം അറിഞ്ഞു; പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 11:03 PM  |  

Last Updated: 24th January 2020 11:03 PM  |   A+A-   |  

 

കാസര്‍കോട്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊന്നു. കാസര്‍കോഡ് പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിഷയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതകക്കേസില്‍ പൊലീസ് പിടിയിലായത്. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായില്‍ മരണപ്പെടുന്നത്. പുലര്‍ച്ചെ ഭാര്യ ആയിഷ സഹോദരനെ വിളിച്ച് മരണ വിവരം അറിയിച്ചു. കഴുത്തില്‍ കയര്‍ മുറുകിയ പാടുകള്‍ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കളോട് തൂങ്ങി മരിച്ചതാണെന്നും താനും അയല്‍വാസിയായ ഹനീഫയും ചേര്‍ന്ന് കട്ടിലില്‍ കിടത്തിയതെന്നുമാണ് പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണവും തുടങ്ങി. ഇതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്. 

ഇസ്മായില്‍ മദ്യപിച്ചെത്തി ആയിശയെ ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടര്‍ന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഹനീഫയും ആയിഷയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കര്‍ണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്. കൊലയാളികള്‍ക്കായി കതക് തുറന്ന് കൊടുത്തത് ആയിഷയായിരുന്നു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പതിനായിരം രൂപ കൂട്ടുപ്രതികള്‍ക്ക് നല്‍കിയതായും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.